മീ ടു നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം പ്രതിഷേധവുമായി റീമ ഉള്‍പ്പെടെയുള്ളവര്‍
ഒ.എന്‍.വി. സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കുന്നതില്‍ വ്യാപകപ്രതിഷേധം. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രഭാവര്‍മ എന്നിവര്‍ അടങ്ങിയ ജൂറിയാണ് ഒ എന്‍ വി സാഹിത്യ പുരസ്‌കാര ജേതാവായി വൈരമുത്തുവിനെ തെരഞ്ഞെടുത്തത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
നാല്‍പ്പത് വര്‍ഷമായി ചലച്ചിത്ര ഗാനരചനയില്‍ സജീവമാണ് വൈരമുത്തു. ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. പദ്മശ്രീയും പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം. അതേസമയം കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി കുറുപ്പിനെ പോലുള്ള ഒരുാളുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വൈരമുത്തു യോഗ്യനല്ലെന്ന വാദവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തി. ഒട്ടേറെ സ്ത്രീകള്‍ വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചിട്ടുള്ളത് ചൂണ്ടിക്കാട്ടി നടി റീമ കല്ലിംഗല്‍, ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍ പാര്‍വതി തിരുവോത്ത് തുടങ്ങിയവര്‍ രംഗത്തെത്തി. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികപീഡനത്തിന് പരാതി നല്‍കിയത് എന്ന കുറിപ്പോടെ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ വാര്‍ത്താകുറിപ്പ് പങ്കുവച്ചുകൊണ്ടാണ് റിമ ഫേസ്ബുക്കില്‍ പ്രതിഷേധം അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. എം.എ. ബേബി, പ്രഭാവര്‍മ, ബിനോയ് വിശ്വം, എം.കെ. മുനീര്‍, സി. രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.
കേരളം ഏറെ ആദരവോടെ നോക്കിക്കണ്ട ഒഎന്‍വിയുടെ പേരിലുള്ള പുരസ്‌കാരം ഇത്തരത്തില്‍ആരോപണം നേരിടുന്ന ഒരാള്‍ക്ക് നല്‍കുമ്പോള്‍ കള്‍ച്ചറല്‍ അക്കാദമി അല്‍പ്പം കൂടി ശ്രദ്ധകാണിക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും ഒന്നോ രണ്ടോ ആരോപണങ്ങളല്ല വൈരമുത്തുവിനെതിരെ ഉയര്‍ന്ന വന്നിരിക്കുന്നതെന്ന സാഹചര്യത്തില്‍. തീര്‍ച്ചയായും പ്രതിഭകള്‍ ആദരിക്കപ്പെടുക തന്നെ വേണം. വൈരമുത്തു പ്രതിഭാസമ്പന്നനാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ പ്രതിഭ മാത്രമല്ല ഒരാളുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്ന ഘടകമെന്ന ശക്തമായ ധാരണ സമൂഹത്തിനുണ്ടെന്നിരിക്കെ വൈരമുത്തുവിനെതിരെ പ്രതിഷേധമുയരുന്നത് സ്വാഭാവികം മാത്രമെന്ന് കരുതാം